കൊച്ചി നഗരസഭയില്‍ 2013 ഏപ്രില്‍ ഒന്നിന് ശേഷം നികുതി നിര്‍ണയിക്കപ്പെട്ട കെട്ടിടങ്ങളുടെ വസ്തു നികുതി ഇന്നു മുതല്‍ ഓണ്‍ലൈനായി ഒടുക്കാം. ഇന്ന് പുറത്തിറക്കിയ നഗരസഭയുടെ ഔദ്യോഗിക വെബ്സൈറ്റായ https://kochicorporation.lsgkerala.gov.in വഴിയാണ് ഇ സേവനങ്ങള്‍ ലഭ്യമാകുക. 2013 ന് ശേഷം നിര്‍മ്മാണം പൂര്‍ത്തീകരിച്ച 89,166 കെട്ടിടങ്ങളുടെ നികുതിയാണ് ഇന്നു മുതല്‍ ഓണ്‍ലൈനായി ഒടുക്കുവാനാകുക. ഒപ്പം കെട്ടിടത്തിന്‍റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റും, കാലപഴക്ക സര്‍ട്ടിഫിക്കറ്റും ഡൗണ്‍ലോഡ് ചെയ്യാനാകും.
കൊച്ചി നഗരസഭയില്‍ ഈ സംവിധാനം നിലവിലുണ്ടായിരുന്നില്ല. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് നഗരസഭ ഈ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാൻ ആരംഭിച്ചത്. 2013 ന് ശേഷം നികുതി നിര്‍ണയിക്കപ്പെട്ട കെട്ടിടങ്ങളുടെ ഡാറ്റാ എന്‍ട്രി ആരംഭിച്ച് എല്ലാ സാങ്കേതിക തടസ്സങ്ങളും നീക്കിയാണ് ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്. 50 ബാങ്കുകളും, യു.പി.ഐ. സംവിധാനവുമുള്‍പ്പെടുത്തിയിട്ടുളള പേയ്മെന്‍റ് ഗേറ്റ് വേയും ഇതിനായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെബ്സൈറ്റില്‍ കാണുന്ന കെട്ടിട വിവരണങ്ങളിലും, നികുതിയിലും ആക്ഷേപമുളളവര്‍ക്ക് വെബ്സൈറ്റില്‍ നല്‍കിയിട്ടുളള ഇ-മെയില്‍ ഐ.ഡി.യിലും, കോര്‍പ്പറേഷന്‍റെ അതത് മേഖലാ ഓഫീസിലും അപേക്ഷ നല്‍കിയാല്‍ 7 ദിവസത്തിനകം പരിഹാരം കാണാവുന്നതാണ്.
നഗരസഭയില്‍ ബാക്കി വരുന്ന ഏകദേശം 2.5 ലക്ഷം കെട്ടിടങ്ങളുടെ ഡാറ്റാ എന്‍ട്രിയും ഈ ആഴ്ച തന്നെ ആരംഭിക്കും. ഏറെ പഴക്കംചെന്ന കെട്ടിട വിവരണ രജിസ്റ്ററുകള്‍ പരിശോധിച്ച് കൃത്യതയോടെ പൂര്‍ത്തീകരിക്കുന്നതിന് ആറ് മാസമെടുക്കുമെങ്കിലും. നികുതിദായകര്‍ക്ക് അതത് മേഖലാ ഓഫീസുകളില്‍ അപേക്ഷ നല്‍കിയാല്‍ 2013-ന് മുമ്പ് നികുതി നിര്‍ണയിക്കപ്പെട്ടിട്ടുളള കെട്ടിടങ്ങളുടെയും പേയ്മെന്‍റ് ഓണ്‍ലൈനാക്കുന്നതിനുളള സൗകര്യം 7 ദിവസത്തിനകം നഗരസഭ ഒരുക്കും.
കച്ചവട സ്ഥാപനങ്ങളുടെ തൊഴില്‍ നികുതിയും ഓണ്‍ലൈനാക്കുന്നതിനുളള നടപടികളും നഗരസഭ ഏപ്രില്‍ മുതല്‍ ആരംഭിക്കും. നഗരസഭയുടെ പുതിയ വെബ്സൈറ്റായ https://kochicorporation.lsgkerala.gov.in വഴിയാണ് ഓണ്‍ലൈന്‍ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാകുക. നിലവില്‍ 2021 സെപ്തംബര്‍ 7 മുതലുളള ജനന മരണ സര്‍ട്ടിഫിക്കറ്റുകളും ഈ വെബ്സൈറ്റ് വഴി ലഭ്യമാണ്.
നഗരസഭയുടെ ഇ-ഗവേണൻസ് പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന് ഏറ്റവും ആത്മാർത്ഥമായി പ്രവർത്തിച്ച ഡെപ്യൂട്ടി സെക്രട്ടറിയുടേയും റവന്യൂ ഓഫീസറുടേയും നേതൃത്വത്തിലുള്ള റവന്യൂ വിഭാഗം ജീവനക്കാരേയും അഭിനന്ദിക്കുന്നു. ഒപ്പം ഇതെല്ലാം നമുക്ക് സാധ്യമായത് ഇൻഫർമേഷൻ കേരളാ മിഷൻ (IKM) ന്റെ സേവനങ്ങളിലൂടെയാണ്. നഗരത്തിന് വേണ്ടി അവരോടുള്ള കടപ്പാട് രേഖപ്പെടുത്തുന്നു.
അഡ്വ. എം. അനില്‍കുമാര്‍
മേയര്‍, കൊച്ചി നഗരസഭ