സമൃദ്ധി@കൊച്ചി
ജനകീയ ഹോട്ടല്‍
കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍
വിശപ്പ് രഹിത കൊച്ചി നന്ന ലക്ഷ്യം നിറവേറ്റുന്നതിനായി നഗരസഭ നടപ്പിലാക്കിയ പദ്ധതിയാണ് മേയറുടെ സ്വപ്ന പദ്ധതിയായ സമൃദ്ധി@കൊച്ചി. നഗരത്തിലെ ജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ ഭക്ഷണം നല്‍കുന്നത് മാത്രമല്ല ഇത് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സ്ത്രീകള്‍ക്ക് മികച്ച വരുമാനമുള്ള തൊഴില്‍ ലഭിക്കുന്ന കേന്ദ്രമാക്കി പദ്ധതിയെ മാറ്റണമെന്ന നഗരസഭയുടെ നയവുമാണ് സമൃദ്ധി@കൊച്ചിക്ക് പിന്നില്‍. നഗരസഭ പ്രതീക്ഷിച്ചതിലും വലിയ സ്വീകാര്യതയാണ് കൊച്ചിയിലെ ജനങ്ങളില്‍ നിന്ന് ജനകീയ ഹോട്ടലിന് ലഭിക്കുന്നത്. പത്ത് രൂപയ്ക്ക് മികച്ച ഭക്ഷണം വൃത്തിയും വെടിപ്പുമായി ആധുനിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി തയ്യാറാക്കി വിളമ്പുന്ന പൊതു അടുക്കള കേരളത്തില്‍ തന്നെ അപൂര്‍വ്വമാണ്. സംസ്ഥാനത്തെ മറ്റാരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനും ഇതുപോലൊരു ആധുനിക കിച്ചണ്‍ സംവിധനവും പ്രത്യേകം പരിശീലനം ലഭിച്ച കുടുംബശ്രീയുടെ പ്രവര്‍ത്തകരും ഇല്ലെന്ന് തന്നെ പറയാനാകും. കൊച്ചി നഗരസഭയിലെ കുടുംബശ്രീ അംഗങ്ങളാണ് ഈ പദ്ധതിയുടെ ചുക്കാന്‍ പിടിക്കുന്നത്. 30 കുടുംബശ്രീ സ്ത്രീകള്‍ ഇവിടെ ജോലി ചെയ്യുന്നു. 20000 രൂപയോളം ഒരാള്‍ക്ക് സാലറി നല്‍കുന്നു.
നഗരസഭയുടെ ഫണ്ടില്‍ നിന്ന് ആഹാര വിതരണത്തിന് ഒരു രൂപ പോലും സബ്സിഡി ഈ പദ്ധതിക്കായി നല്‍കുന്നില്ല. ഇത് ജനങ്ങളുടെ കൂട്ടായ്മയുടെ പദ്ധതിയാണ്. അതുകൊണ്ട് തന്നെ ഈ പദ്ധതി ദീര്‍ഘനാള്‍ നിലനിര്‍ത്താന്‍ നഗരസഭ പ്രതിജ്ഞാബദ്ധമാണ്. കേവലം ആഹാരം നല്‍കുന്ന പദ്ധതി മാത്രമല്ല, നമ്മുടെ നഗരത്തിലെ കുടുംബശ്രീ സഹോദരിമാര്‍ക്ക് തൊഴില്‍ നല്‍കി മാന്യമായ വേതനം ഉറപ്പാക്കുകയും കൂടി ചെയ്യുന്നു. ദിവസേന 3000 ത്തിലധികം ഊണാണ് ഇപ്പോള്‍ സമൃദ്ധി@കൊച്ചി വഴി നല്‍കുന്നത്. കുറഞ്ഞ വേതനത്തിന് കൊച്ചിയില്‍ ജോലി നോക്കുന്ന നിരവധി ആളുകള്‍ക്ക് വലിയ ആശ്വാസമാണ് ഈ പദ്ധതി. കൊച്ചി നോര്‍ത്തിലെ സെന്‍ട്രല്‍ കിച്ചണ്‍ നിലനിര്‍ത്തി നഗരത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കാന്‍ നഗരസഭ പദ്ധതി ഇടുന്നുണ്ട്.
ഇന്ത്യയില്‍ സമാനമായ പദ്ധതികള്‍ നടപ്പാക്കുന്നത് ഭീമമായ സബ്സിഡി നല്‍കിയാണ്. അതില്‍ നിന്നും വ്യത്യസ്ഥമാണ് ഈ പദ്ധതി. സമൃദ്ധി@കൊച്ചിക്ക് നഗരസഭയില്‍ നിന്ന് സബ്സിഡി ലഭിക്കുന്നില്ല. എന്നാല്‍ ഒരിക്കലും 10 രൂപയ്ക്ക് ഇത്ര സമൃദ്ധമായ ഊണ് നല്‍കാന്‍ സാധിക്കില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. ഇതര വരുമാനമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി അതിലൂടെ നിലവിലെ നഷ്ടങ്ങള്‍ നികത്തി സ്വയം പര്യാപ്തതയില്‍ എത്താനാണ് പദ്ധതി ലക്ഷ്യമിടുന്നത്. അതുവരെ കൊച്ചിയിലെ സുമനസ്സുകളുടെയും കമ്പനികളുടെയും സന്നദ്ധ സംഘടനകളുടെയും സഹായം പദ്ധതി സ്വയം പര്യാപ്തമാകുന്നത് വരെ അതിനെ കൈപിടിച്ച് നടത്താന്‍ സമൃദ്ധി@കൊച്ചിക്ക് ആവശ്യമാണ്.
സി.എസ്.ആര്‍. ഫണ്ട് ഉപയോഗിച്ചോ വലുതും ചെറുതുമായ വിവിധ കമ്പനികളുടെയും സ്വദേശത്തും വിദേശത്തുമുള്ള സുമനസ്സുകളുടെയും സഹായത്തോടെ ഈ പദ്ധതിയില്‍ ആര്‍ക്കും പങ്കാളികളാകാം. കൈകോര്‍ക്കാം, എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ സമൃദ്ധമായി ആഹാരം ലഭിക്കുന്ന സമൃദ്ധി@കൊച്ചിയുടെ വിജയത്തിനായി.
- 6941 views